0

‘സൂക്ഷിക്കണം’; അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി പെപ്‌സികോ മുന്‍ സിഇഒ ഇന്ദ്രാ നൂയി

Share

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം പതിവാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പെപ്‌സികോ മുന്‍ സിഇഒ ഇന്ദ്രാനൂയി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെയിരിക്കണമെന്നും യുഎസിലെ പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും അവര്‍ പറഞ്ഞു. അമിതമായി മദ്യപിക്കുകയോ മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും വിദ്യാര്‍ത്ഥികളോട് ഇന്ദ്രാ നൂയി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇന്ദ്രാ ഇക്കാര്യം പറഞ്ഞത്. യുഎസിലേക്ക് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും കെണികളിലകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ഇന്ദ്രാ പറഞ്ഞത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ ഷെയര്‍ ചെയ്തത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തത്.

’’ അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതും ഇവിടെ പഠിക്കുന്നതുമായ എല്ലാ വിദ്യാര്‍ത്ഥികളോടും ഒരു കാര്യം പറയാനാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുന്ന അനിഷ്ട സംഭവങ്ങളെപ്പറ്റി സ്ഥിരം വാര്‍ത്തകള്‍ വരികയാണ്,’’ ഇന്ദ്രാ പറഞ്ഞു.

സുരക്ഷിതമായിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കണം. രാത്രികാലങ്ങളില്‍ പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യരുത്. മദ്യപാനവും മയക്കുമരുന്നും ഉപയോഗിക്കരുതെന്നും ഇന്ദ്രാ നൂയി പറഞ്ഞു.

അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കോഴ്‌സും യൂണിവേഴ്‌സിറ്റിയും വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കണമെന്നും ഇന്ദ്രാ പറഞ്ഞു.

യുഎസിലെത്തുന്ന ആദ്യ മാസങ്ങളില്‍ ആരെയൊക്കെയാണ് നിങ്ങള്‍ സുഹൃത്തുക്കളാക്കുന്നത് എന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു.

കഠിനാധ്വാനത്തിന് പേരുകേട്ടവരാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. അതേസമയം ചില പരീക്ഷണങ്ങള്‍ നടത്താനും യുവാക്കള്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നുണ്ട്. അത്തരം പരീക്ഷണങ്ങള്‍ പലരേയും ലഹരിക്കടിമകളാക്കുന്നുണ്ടെന്നും ഇന്ദ്രാനൂയി പറഞ്ഞു.

ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസികാരോഗ്യത്തെ ഇല്ലാതാക്കുമെന്നും അതിനാല്‍ അതൊന്നും ഉപയോഗിക്കാന്‍ മുതിരരുതെന്നും ഇന്ദ്രാനൂയി മുന്നറിയിപ്പ് നല്‍കി.

’’ അപകടകരമായ വസ്തുക്കള്‍ പരീക്ഷിക്കുന്ന സ്വഭാവം ഒഴിവാക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരുകാരണവശാലും ഏര്‍പ്പെടരുത്. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം,’’ ഇന്ദ്രാനൂയി പറഞ്ഞു. ഈ രാജ്യത്തിന്റെ നിയമങ്ങളെപ്പറ്റി പല വിദ്യാര്‍ത്ഥികളും വ്യക്തമായ ധാരണയില്ലെന്നും ഇന്ദ്രാനൂയി പറഞ്ഞു.

’’ നിങ്ങളുടെ വിസ സ്റ്റാറ്റസും അതില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കണം. നിയമം ലംഘിക്കാന്‍ ശ്രമിക്കരുത്,’’ ഇന്ദ്രാനൂയി പറഞ്ഞു.

ഈയടുത്തായി യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം പതിവായ പശ്ചാത്തലത്തിലാണ് ഇന്ദ്രാനൂയി വീഡിയോയുമായി രംഗത്തെത്തിയത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ മാസാമാദ്യം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിനായി യുഎസില്‍ തെരച്ചില്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ദ്രാനൂയി എത്തിയത്.

ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ സമീര്‍ കാമത്ത് എന്ന വിദ്യാര്‍ത്ഥിയെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റാണ് ഇദ്ദേഹം മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജനുവരിയില്‍ അകുല്‍ ധവാന്‍ എന്ന വിദ്യാര്‍ത്ഥിയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേ മാസം തന്നെയാണ് വിവേക് സെയ്‌നി എന്ന വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ നൽകുന്ന രാജ്യമാണ് യുഎസ് എന്നും ഇന്ദ്രാനൂയി പറഞ്ഞു. ഇവിടുത്തെ ജീവിതം വളരെ ചെലവേറിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ വളരെ ജാഗരൂകയായിരിക്കണമെന്നും പ്രാദേശിക സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല സര്‍വകലാശാലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും പിന്തുണയും അവഗണിക്കരുതെന്നും ഇന്ദ്ര വ്യക്തമാക്കി. പ്രാദേശിക ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുമായും ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായും സ്ഥിരമായ ആശയവിനിമയം നിലനിര്‍ത്തിപോരണമെന്നും അത്യാവശ്യഘട്ടങ്ങളില്‍ അവരുമായി ബന്ധപ്പെടണമെന്നും ഇന്ദ്രാ നൂയി പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സകഷകകണ #അമരകകയല #ഇനതയന #വദയരതഥകളകക #മനനറയപപമയ #പപസക #മന #സഇഒ #ഇനദര #നയ