0

സമ്മര്‍ദം ചെലുത്തിയും തെറ്റിദ്ധരിപ്പിച്ചും ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; ചീഫ് ജസ്റ്റിസിന് 21 മുൻ ജഡ്ജിമാരുടെ കത്ത്

Share

സമ്മര്‍ദ്ദത്തിലൂടെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയും ചിലര്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയിയില്‍ നിന്നും വിരമിച്ച 21 ജഡ്ജിമാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സങ്കുചിതമായ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ചിലര്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതെന്നും ജഡ്ജിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കത്തെഴുതാന്‍ തങ്ങളെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അഴിമതി കേസുകളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടികള്‍ വ്യാപകമാകുന്നതിനെ ചൊല്ലി കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും പോരടിക്കുന്ന സാഹചര്യത്തിലാണ് കത്ത് ചര്‍ച്ചയാകുന്നത്.

പരസ്യം ചെയ്യൽ

വിരമിച്ച ജസ്റ്റിസുമാരായ ദീപക് വര്‍മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എംആര്‍ ഷാ എന്നിവരുള്‍പ്പെട്ട സംഘമാണ് കത്തെഴുതിയത്. കോടതിയുടെയും ജഡ്ജിമാരുടെയും അഖണ്ഡതയ്ക്ക് മേല്‍ വിമര്‍ശകര്‍ കടന്നുകയറുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

“ഇത്തരം പ്രവര്‍ത്തികള്‍ ജുഡീഷ്യറിയുടെ പവിത്രത ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. ന്യായാധിപന്‍മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങള്‍ക്ക് മേല്‍ വെല്ലുവിളിയാകുകയാണ്,” എന്നും കത്തില്‍ പറഞ്ഞു. ‘നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത’ എന്ന തലക്കെട്ടിലാണ് ജഡ്ജിമാര്‍ കത്തെഴുതിയത്.

ജുഡീഷ്യറിയുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചില ശക്തികളുടെ ഇത്തരം പ്രവര്‍ത്തനം കനത്ത ആശങ്കയാണ് നല്‍കുന്നതെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ജുഡീഷ്യറിയുടെ തീരുമാനങ്ങളെ പരസ്യമായും രഹസ്യമായും തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

പരസ്യം ചെയ്യൽ

നീതിന്യായ വ്യവസ്ഥയെ ലക്ഷ്യമിട്ട് പരക്കുന്ന വ്യാജ വാര്‍ത്തകളും ജുഡീഷ്യറിയ്ക്ക് എതിരായി പൊതുവികാരം വളര്‍ത്തുന്ന രീതിയും തങ്ങളെ ആശങ്കയിലാഴ്ത്തുന്നുവെന്നും ജഡ്ജിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

“ഒരാളുടെ വീക്ഷണവുമായി യോജിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളെ തെരഞ്ഞെടുത്ത് പ്രശംസിക്കുകയും മറ്റുള്ളവയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നത് നിയമവാഴ്ചയുടെ അന്തസത്തയെ തകര്‍ക്കുന്നു,” എന്നും കത്തില്‍ പറയുന്നു.

ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ സുപ്രീം കോടതി നടപടിയെടുക്കണമെന്നും നിയമവ്യവസ്ഥയുടെ പവിത്രതയും അധികാരവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പറഞ്ഞു.

“രാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും മുക്തമായി ജനാധിപത്യത്തിന്റെ നെടും തൂണായി ജുഡീഷ്യറി നിലകൊള്ളേണ്ടത് അത്യാവശ്യമാണ്,” എന്നും ജഡ്ജിമാര്‍ കത്തില്‍ സൂചിപ്പിച്ചു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സമമരദ #ചലതതയ #തററദധരപപചച #ജഡഷയറയട #വശവസയത #തകരകകന #ശരമ #ചഫ #ജസററസന #മൻ #ജഡജമരട #കതത