0

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ മുസ്ലീങ്ങളില്ല

Share

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് മത്സരിക്കുന്നത് 35 സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ സംസ്ഥാനത്ത് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും അണിനിരത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സാധാരണയായി കോണ്‍ഗ്രസ് മുസ്ലീം സ്ഥാനാര്‍ത്ഥിയെ അണിനിരത്തുന്ന ബറൂച്ച് ലോക്‌സഭാ മണ്ഡലം ഇത്തവണ ആം ആദ്മി പാര്‍ട്ടിയ്ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. ഇന്‍ഡി സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായാണ് ബറൂച്ച് ലോക്‌സഭാ മണ്ഡലം ആം ആദ്മിയ്ക്ക് വിട്ടുനല്‍കിയത്.

ദേശീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ബിഎസ്പി (ബഹുജന്‍ സമാജ് പാര്‍ട്ടി) മാത്രമാണ് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിർത്തിയിട്ടുള്ളത്. ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് ബിഎസ്പി തങ്ങളുടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ ജനവിധി തേടാനിറക്കിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചമഹലിലും ബിഎസ്പി മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരത്തിനിറക്കിയിരുന്നു. 26 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതിലെ 25 സീറ്റുകളിലായി 35 മുസ്ലീം സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 2019ല്‍ ഇത് 43 ആയിരുന്നു.

പരസ്യം ചെയ്യൽ

മത്സരത്തിനിറങ്ങിയ മുസ്ലീം സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും സ്വതന്ത്രരായോ അല്ലെങ്കില്‍ അധികം അറിയപ്പെടാത്ത പാര്‍ട്ടി പ്രതിനിധികളായോ ആണ് ജനവിധി തേടുന്നത്. ’’ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി മത്സരരംഗത്തേക്ക് ഇറക്കുമായിരുന്നു. പ്രത്യേകിച്ച് ബറൂച്ച് മണ്ഡലത്തില്‍. എന്നാല്‍ ഇത്തവണ അത് പ്രായോഗികമല്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പിന്നാലെ ബറൂച്ച് മണ്ഡലം ആം ആദ്മി പാര്‍ട്ടിയ്ക്ക് നല്‍കിയിരിക്കുകയാണ്,’’ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ വാജിര്‍ഖാന്‍ പത്താന്‍ പറഞ്ഞു.

എന്നാല്‍ ഗുജറാത്തിലെ ഒരു സീറ്റില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിജയസാധ്യതയില്ലാത്തിനാല്‍ സമുദായാംഗങ്ങള്‍ ആ സീറ്റ് നിഷേധിക്കുകയായിരുന്നു. ’’ മറ്റൊരു സീറ്റിലും മുസ്ലീം സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ സാധ്യതയില്ല. മുസ്ലീം ജനസംഖ്യയുള്ള അഹമ്മദാബാദ് വെസ്റ്റ് സീറ്റും, കച്ചും പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്,’’ പത്താന്‍ പറഞ്ഞു.

പരസ്യം ചെയ്യൽ

ബറൂച്ചിനെ കൂടാതെ നവസാരി, അഹമ്മദാബാദ് മണ്ഡലങ്ങളിലും മുമ്പ് മുസ്ലീം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരത്തിനിറക്കിയിരുന്നു. 1977ല്‍ അഹമ്മദാബാദ് മണ്ഡലത്തില്‍ നിന്ന് എഹ്‌സാന്‍ ജഫ്രി, ബറൂച്ച് മണ്ഡലത്തില്‍ നിന്ന് അഹമ്മദ് പട്ടേല്‍ എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തുകയും ചെയ്തിരുന്നു. 1980ലും 1984ലും ബറൂച്ചില്‍ വിജയം ആവര്‍ത്തിക്കാന്‍ അഹമ്മദ് പട്ടേലിന് സാധിച്ചിരുന്നു. ഇത്തവണ ഈ സീറ്റ് എഎപിയ്ക്ക് വിട്ടുനല്‍കിയതില്‍ പട്ടേലിന്റെ മക്കളായ ഫൈസര്‍ പട്ടേലും മുംതാസ് പട്ടേലും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

2004, 2009, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം മുഹമ്മദ് പട്ടേല്‍, അസീസ് താങ്കര്‍വി, ഷേര്‍ഖാന്‍ പത്താന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ബറൂച്ചില്‍ മത്സരത്തിനിറക്കിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്‌സൂദ് മിര്‍സയെ നവസാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അണിനിരത്തുകയും ചെയ്തിരുന്നു. ഗാന്ധിനഗറില്‍ മുഹമ്മദ് അനിസ് ദേശായിയ്ക്കാണ് ഇത്തവണ ബിഎസ്പി സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയാണ് ഇദ്ദേഹം മത്സരിക്കുന്നത്. ഗുജറാത്തില്‍ ഏറ്റവും അധികം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലം കൂടിയാണ് ഗാന്ധിനഗര്‍. 8 മുസ്ലീം സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.

പരസ്യം ചെയ്യൽ

ജാംനഗറിലും നവസാരിയിലും അഞ്ച് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വീതവും പത്താന്‍, ബറൂച്ച് എന്നിവിടങ്ങളില്‍ നാല് വീതവും, പോര്‍ബന്തര്‍, ഖേഡ എന്നിവിടങ്ങളില്‍ രണ്ട് വീതവും അഹമ്മദാബാദ് ഈസ്റ്റ്, ബനസ്‌കന്ത, ജുനഗഡ്, പഞ്ച്മഹല്‍, സബര്‍കാന്ത എന്നിവിടങ്ങളില്‍ ഒന്ന് വീതം മുസ്ലീം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായും ചില ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് മത്സരിക്കുന്നത്.

‘‘വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീം നേതാക്കളെ അവഗണിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വരുന്നത്. ഞങ്ങളുടെ പ്രദേശത്തുള്ള ജനങ്ങള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. പ്രാദേശിക നേതാക്കള്‍ ആരും തന്നെ സഹായത്തിനെത്തുന്നുമില്ല.അതിനാലാണ് ഞങ്ങളുടെ സമുദായത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നത്,’’ ബറൂച്ചില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഇസ്മായില്‍ പട്ടേല്‍ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ലകസഭ #തരഞഞടപപ #ഗജറതതല #കണഗരസ #സഥനരതഥ #പടടകയൽ #മസലങങളലല