0

റായ്പൂരിൽ 20 റൺസ് ജയം; ഓസീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക് – News18 മലയാളം

Share

റായ്പുര്‍: നാലാം മത്സരത്തിൽ 20 റൺസ് വിജയവുമായി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ഒരു മത്സരം ശേഷിക്കേയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത് (3-1). ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 4 ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലും 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 44 റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചാഹറും വിജയത്തില്‍ പങ്കുവഹിച്ചു.ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

പരസ്യം ചെയ്യൽ

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ട്രാവിസ് ഹെഡ് മികച്ച തുടക്കം നൽകി. ദീപക് ചഹാറിന്റെ ഓവറിൽ 22 റൺസടിച്ചതോടെ നാലാം ഓവറില്‍ രവി ബിഷ്‌ണോയിയെ സൂര്യകുമാര്‍ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ തന്നെ ജോഷ് ഫിലിപ്പ് (8) പുറത്ത്. തുടര്‍ന്ന് അഞ്ചാം ഓവറില്‍ അപകടകാരിയായ ഹെഡിനെ മടക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 16 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഏഴാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയേയും (8) മടക്കിയ അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. ബെന്‍ മക്‌ഡെര്‍മോട്ടിനെയും മടക്കിയ അക്ഷര്‍ 3 വിക്കറ്റുകള്‍ തികച്ചു.

പരസ്യം ചെയ്യൽ

തുടർന്ന് വമ്പനടിക്ക് പേരുകേട്ട ടിം ഡേവിഡിനെ മടക്കി ദീപക് ചാഹറും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. 20 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു ഡേവിഡിന്റെ സമ്പാദ്യം. തുടര്‍ന്ന് 19 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെയും പുറത്താക്കിയ ചാഹര്‍ ഇന്ത്യയുടെ വിജയ സാധ്യത വര്‍ധിപ്പിച്ചു. 23 പന്തില്‍ നിന്ന് 36 റണ്‍സുമായി ക്യാപ്റ്റന്‍ മാത്യു വെയ്ഡ് പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിരുന്നു. റിങ്കു സിങ്, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്കോർ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സുമടക്കം 46 റണ്‍സെടുത്ത റിങ്കു സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ (28 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം താരം 37), ശ്രേയസ് അയ്യരും 8, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 1, ഋതുരാജ് ഗെയ്ക്വാദ് (28 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32), ജിതേഷ് ശർമ (19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 35), അക്ഷര്‍ പട്ടേല്‍ (0), ദീപക് ചാഹര്‍ (0), രവി ബിഷ്‌ണോയ് (4) എന്നിങ്ങനെയാണ് സ്കോർ. ഓസീസിനായി ബെന്‍ ഡാര്‍ഷുയിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തന്‍വീര്‍ സംഗയും ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫും രണ്ട് വിക്കറ്റ് വീതം നേടി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#റയപരൽ #റൺസ #ജയ #ഓസസനതരയ #ടവനറ #പരമപര #ഇനതയകക #News18 #മലയള