0

‘മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയുന്നവ‍ർ ക്യാംപസിൽ’; ജെഎന്‍യു വിസിയുടെ പരാമർശത്തിനെതിരെ ഇടതുസംഘടനകൾക്കൊപ്പം എബിവിപിയും

Share

ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ (JNU V-C Santishree Dhulipudi Pandit) വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയനും എബിവിപിയും. ക്യാംപസില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയുന്നവരുണ്ടെന്നായിരുന്നു വിസിയുടെ പരാമര്‍ശം.

വിസിയ്‌ക്കെതിരെ തുറന്ന കത്ത് എഴുതിയാണ് ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ യൂണിയന്‍ രംഗത്തെത്തിയത്. രണ്ട് തോണിയില്‍ കാല്‍വെയ്ക്കുന്ന രീതിയാണ് വിസി പിന്തുടരുന്നതെന്ന് കത്തില്‍ പറയുന്നു. വിസിയെ വിമര്‍ശിച്ച് എബിവിപിയും രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയുടെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പരാമര്‍ശമാണ് വിസി നടത്തിയത് എന്നാണ് എബിവിപിയുടെ ആരോപണം.

പരസ്യം ചെയ്യൽ

പിടിഐ എഡിറ്റേഴ്‌സുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിസിയുടെ വിവാദ പരാമര്‍ശം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ക്യാംപസിലെ ഹോസ്റ്റലില്‍ താമസിക്കാന്‍ ഒരു വിദ്യാര്‍ത്ഥിയെയും അനുവദിക്കരുതെന്ന് താന്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിസി അഭിമുഖത്തില്‍ പറഞ്ഞു. ജെഎന്‍യു ക്യാംപസില്‍ മറ്റുള്ളവരുടെ ചെലവില്‍ കഴിയുന്നവരുടെ എണ്ണം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു വിസിയുടെ വിവാദ പരാമര്‍ശം.

‘നിങ്ങള്‍ പറഞ്ഞത് ശരിയാണ്. മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയുന്നവരുടെ എണ്ണം ക്യാംപസില്‍ കൂടുതലാണ്’ എന്നായിരുന്നു വിസിയുടെ പരാമര്‍ശം.

ഇതിനെതിരെയാണ് ജെഎന്‍യു സ്റ്റുഡന്റ് യൂണിയനും എബിവിപിയും രംഗത്തെത്തിയത്. ക്യാംപസില്‍ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം വിസി സൗകര്യപൂര്‍വ്വം മറന്നിരിക്കുകയാണെന്നാണ് ജെഎന്‍യുഎസ്‌യു പുറത്തിറക്കിയ കത്തില്‍ പറയുന്നത്.

പരസ്യം ചെയ്യൽ

“വിസിയുടെ പരാമര്‍ശത്തില്‍ ഒരു ഇരട്ടത്താപ്പുണ്ട്. നികുതിദായകരുടെ പണം വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മറവില്‍ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയാകരുത്,” എന്നും കത്തില്‍ പറയുന്നു. വിസി ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും കത്തില്‍ പറയുന്നു.

“ജെഎന്‍യുവിന്റെ അക്കാദമിക ക്ഷേമം പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ കടമ അവഗണിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അധികാരസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ ഔദാര്യത്തില്‍ കഴിയുന്നവര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്,” എന്നും കത്തില്‍ ആരോപിച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യം വെച്ച് പുറത്തിറങ്ങിയ ബസ്തര്‍, ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി എന്നീ സിനിമകള്‍ക്കെതിരെ നിങ്ങളുടെ ശബ്ദം ഉയര്‍ന്നില്ല. ഇതിലൂടെ നിങ്ങളുടെ നിലപാട് വ്യക്തമാണ്. ഇത്തരം ചിത്രങ്ങളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ തയ്യാറായിട്ടുമില്ല,” എന്നും ജെഎന്‍യുഎസ്‌യു പുറത്തുവിട്ട കത്തില്‍ പറയുന്നു.

പരസ്യം ചെയ്യൽ

ജെഎന്‍യുവിലെ എബിവിപി അധ്യക്ഷന്‍ രാജേഷ്വര്‍ കാന്ത് ദുബെയും വിസിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

“അക്കാദമിക മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് ജെഎന്‍യുവിലേത്. ഔദാര്യത്തില്‍ കഴിയുന്നവര്‍ എന്ന് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നത് ധാര്‍മ്മികപരമായി തെറ്റാണ്. സര്‍വകലാശാലയുടെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പരാമര്‍ശമാണ് വിസിയുടേത്. വിസിയുടെ ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#മററളളവരട #ഔദരയതതല #കഴയനനവർ #കയപസൽ #ജഎനയ #വസയട #പരമർശതതനതര #ഇടതസഘടനകൾകകപപ #എബവപയ