0

ബംഗാൾ സർക്കാരിന് തിരിച്ചടി; 25,000 ത്തോളം അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; ശമ്പളം തിരിച്ചടയ്ക്കാനും ഉത്തരവ്

Share

പശ്ചിമ ബംഗാള്‍ സർക്കാർ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016 ലെ മുഴുവൻ അധ്യാപക നിയമനങ്ങളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. കോടതി നടപടി തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. 2016-ൽ നിയമിതരായ 25,753 ഓളം അധ്യാപകർക്ക് കോടതി വിധിയെ തുടർന്ന് ജോലി നഷ്ടമാകും. കൂടാതെ ഇവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നൽകാനും കോടതി ആവശ്യപ്പെട്ടു. നിയമനത്തിൽ അഴിമതി കണ്ടെത്തിയതോടെ റിക്രൂട്ട് ചെയ്ത സ്കൂൾ അധ്യാപകർ നാലാഴ്ചയ്ക്കകം ശമ്പളം തിരികെ നൽകണമെന്ന് ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

പരസ്യം ചെയ്യൽ

ഈ അധ്യാപകരിൽ നിന്ന് പണം ഈടക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അനധികൃത നിയമനം ലഭിച്ച അധ്യാപകരിൽ ഒരാളായ സോമദാസ് എന്നയാൾ നിലവിൽ കാൻസർ ബാധിതനായതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജോലിയിൽ തുടരാൻ കോടതി അനുവദിച്ചു. നിയമന നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമന നടപടികള്‍ ആരംഭിക്കാൻ ബംഗാള്‍ സ്കൂള്‍ സർവീസ് കമ്മീഷനോടും (WBSSC) ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഡബ്ല്യുബിഎസ്എസ്‌സി ചെയർമാൻ സിദ്ധാർത്ഥ് മജുംദർ പറഞ്ഞു. ബിജെപി നേതാക്കൾ ജുഡീഷ്യറിയെയും വിധിന്യായങ്ങളെയും സ്വാധീനിക്കുകയാണെന്ന് ഉത്തരവിൽ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു.

അധ്യാപക നിയമനത്തിൽ നടന്ന അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മുൻ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒഴിവുള്ള 24,640 തസ്തികകളിലേക്ക് 23 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് 2016- ൽ നടന്ന സ്റ്റേറ്റ് ലെവല്‍ സെലക്ഷൻ പരീക്ഷ എഴുതിയത്. 25,753 നിയമന കത്തുകള്‍ നല്‍കിയതായി ഹര്‍ജിക്കാരില്‍ ചിലരുടെ അഭിഭാഷകർ വ്യക്തമാക്കി. ഇതിൽ 9, 10, 11, 12 ക്ലാസുകളിലെ അധ്യാപകരുടെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫർമാരുടെയും തസ്തികകൾ ഉൾപ്പെടുന്നു.

പരസ്യം ചെയ്യൽ

2016-ൽ രൂപീകരിച്ച അധ്യാപക റിക്രൂട്ട്മെന്റ് പാനലുകൾ കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ വർഷം പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നാലെ 36,000 അൺട്രെയിൻഡ് പ്രൈമറി അധ്യാപകരുടെ നിയമനം റദ്ദാക്കുകയും ചെയ്തു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയായ അഭിജിത് ഗാംഗുലി തന്റെ പദവിയിൽ നിന്ന് രാജിവെച്ച് ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കൂടിയാണ്. റിക്രൂട്ട്‌മെൻ്റ് കേസിലെ ഹർജികളും അപ്പീലുകളും കേൾക്കാൻ ഡിവിഷൻ ബെഞ്ച് രൂപീകരിക്കാൻ , കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ ആവശ്യപ്പെട്ടിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ബഗൾ #സർകകരന #തരചചട #തതള #അധയപകരട #നയമന #ഹകകടത #റദദകക #ശമപള #തരചചടയകകന #ഉതതരവ