0

എന്തൊരു കളിയാണിത്! രണ്ട് സൂപ്പർ ഓവർ; രോഹിതിന്റെ സെഞ്ചുറി; രവി ബിഷ്ണോയി മാജിക്| Two Super Overs India Win T20I Drama in Bengaluru Run Fest Against Afghanistan – News18 മലയാളം

Share

ബെംഗളൂരു: ഇതാണ് മത്സരം. മത്സരവും പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും സമനില. പിന്നെ മത്സരഫലത്തിനായി രണ്ടാം സൂപ്പർ. പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 16 റണ്‍സ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. 5 പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും (റിങ്കു സിങ്ങും രോഹിത് ശര്‍മയും) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും (മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ്) വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

പരസ്യം ചെയ്യൽ

ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.

നേരത്തെ അഫ്ഗാന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 11 ഓവറിൽ 93 റൺസാണ് ഒന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. 32 പന്തിൽ 50 റൺസെടുത്ത ഗുർബാസിനെ കുൽദീപ് പുറത്താക്കി. പിന്നാലെ 41 പന്തിൽ 50 റൺസെടുത്ത് സദ്രാനും പുറത്തായി. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. അസ്മത്തുല്ല ഉയമർസായി (പൂജ്യം), മുഹമ്മദ് നബി (16 പന്തിൽ 34), കരീം ജനത് (രണ്ടു പന്തിൽ രണ്ട്), നജീബുല്ല സദ്രാൻ (മൂന്നു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു റൺസുമായി ഷറഫുദ്ദീൻ അഷ്റഫും പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പരസ്യം ചെയ്യൽ

നായകൻ രോഹിത് ശർമയുടെയും റിങ്കു സിങ്ങുവിന്‍റെയും തകർപ്പൻ ബാറ്റിങ്ങിന്‍റെ കരുത്തിലാണ് ഇന്ത്യ 212 റൺസെടുത്തത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ നേടിയ 190 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 25 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായ ശേഷം ടി20യില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20യില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തില്‍ നിന്ന് എട്ടു സിക്സും 11 ഫോറുമടക്കം 121 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 36 പന്തുകള്‍ നേരിട്ട റിങ്കു ആറ് സിക്സും രണ്ട് ഫോറുമടക്കം 69 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്നെടുത്ത 176 റണ്‍സ് കൂട്ടുകെട്ട് ഇതോടെ രണ്ടാമതായി. കരിം ജനത് എറിഞ്ഞ അവസാന ഓവറില്‍ 36 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ടില്‍ അവസാന അഞ്ച് ഓവറില്‍ 103 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലെത്തി.

പരസ്യം ചെയ്യൽ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍ (4) മൂന്നാം ഓവറില്‍ തന്നെ പുറത്ത്. പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിരാട് കോഹ്ലിയും (0) വീണു. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ശിവം ദുബെയും (1) വീണതോടെ ഇന്ത്യ പതറി. പിന്നാലെ ഗോള്‍ഡന്‍ ഡക്കോടെ സഞ്ജു സാംസണും (0) പുറത്തായതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22 എന്ന നിലയിലേക്ക് വീണു. അഫ്ഗാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എനതര #കളയണത #രണട #സപപർ #ഓവർ #രഹതനറ #സഞചറ #രവ #ബഷണയ #മജക #Super #Overs #India #Win #T20I #Drama #Bengaluru #Run #Fest #Afghanistan #News18 #മലയള