0

ഇന്ത്യ തിരിച്ചടിക്കുന്നു; ഓസ്ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടം – News18 മലയാളം

Share

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. 15 പന്തിൽ 15 റൺസെടുത്ത മിച്ചല്‍ മാര്‍ഷിനെയും 9 പന്തിൽ 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ജസ്പ്രീത് ബുംറ മടക്കി. ട്രാവിസ് ഹെഡ്ഡും മാർനസ് ലബുഷെയ്നുമാണ് ക്രീസില്‍.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോഹ്ലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ഫീൽഡർമാർ മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി. ഈ ലോകകപ്പില്‍ ഇന്ത്യ ഓള്‍ ഔട്ടാകുന്നത് ഇതാദ്യമായാണ്. 13 ഫോറും 3 സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

പരസ്യം ചെയ്യൽ

Also Read-
കലാശപ്പോരിൽ കലമുടച്ച് ഇന്ത്യൻ ബാറ്റിങ് നിര; 240 റൺസിന് പുറത്ത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. 7 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈകളിലെത്തിച്ചു.

ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി വിരാട് കോഹ്ലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോഹ്ലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ 4 ഫോറിന്റെയും 3സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. 4 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പരസ്യം ചെയ്യൽ

Also Read-
ICC World Cup 2023 | ഈ അമ്പയർമാർ ഫൈനൽ മത്സരം നിയന്ത്രിച്ചാൽ ഇന്ത്യയെ ‘ഭാ​ഗ്യം’ കൈവിടുമോ?

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോഹ്ലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോഹ്ലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്. റണ്‍റേറ്റ് എട്ടില്‍ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോഹ്ലി അര്‍ധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറിയാണിത്.

പരസ്യം ചെയ്യൽ

27ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചുകൊണ്ട് രാഹുല്‍ ബൗണ്ടറി വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റണ്‍സെടുത്ത കോലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. ഇതോടെ ഇന്ത്യ 148 ന് 4 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയാണ് എത്തിയത്. ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് 5 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പരസ്യം ചെയ്യൽ

40.5 ഓവറില്‍ ടീം സ്‌കോര്‍ 200ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് 6 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്. എന്നാല്‍ വെറും 6 റണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 48ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തില്‍ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്നാണ് ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കുല്‍ദീപ് റണ്‍ ഔട്ടായി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റണ്‍സ് നേടി പുറത്താവാതെ നിന്നു.

പരസ്യം ചെയ്യൽ

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇനതയ #തരചചടകകനന #ഓസടരലയകക #വകകററ #നഷട #News18 #മലയള